പരിയാരം തെക്കേമുറിയിൽ തങ്കമ്മ ജോണിന്റെ വീടിനോട് ചേർന്നുള്ള കിണറ്റിൽ ഇറങ്ങിയ യുവാവിനെ തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം രക്ഷിച്ചു. കഴിഞ്ഞ ദിവസം 30 അടി താഴ്ചയും 10 അടിയോളം വെള്ളവും ഉള്ള കിണറ്റിൽ വീണ കോഴിയെ എടുക്കാൻ ഇറങ്ങിയ തുരുത്തിക്കാട് മരുതിക്കുന്നേൽ രാജനാണ് തിരിച്ചുകയറാനാവാതെ അകപ്പെട്ടത്.
കിണറ്റില്‍ വീണ കോഴിയെ രക്ഷപെടുത്താനായി കിണറ്റില്‍ ഇറങ്ങിയ രാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു തിരിച്ചു കയറാന്‍ കഴിയാതിരുന്നതിനാൽ അഗ്‌നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. പടിയിൽ പിടിച്ചുകിടന്ന ഇയാളെ തിരുവല്ല നിലയത്തിലെ സ്റ്റേഷൻ ഇൻചാർജ് പി.ശശിധരൻ, ഉദ്യോഗസ്ഥരായ എം.കെ.രാജേഷ് കുമാർ, ഹരിലാൽ, ഷംനാദ്, അരുൺ മോഹൻ, നൗഫൽ, കെ.പി.ഷാജി, ഷിബു, ജയൻ മാത്യു എന്നിവർ ചേർന്ന് വലയിറക്കി അതിൽ കയറ്റി കരയ്ക്കെത്തിച്ചു.