തിരുവല്ല മുത്തൂരുള്ള ഓക്സിജൻ ഷോപ്പിൽ സ്ത്രീ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ടു പേരെ തിരുവല്ല പോലീസ് പിടികൂടി. കുറ്റൂർ പോബ്സൺ കമ്പനിക്ക് സമീപം കൊച്ചുപറമ്പിൽ വീട്ടിൽ പാപ്പൻ മകൻ വിദ്യാധരൻ (53), മല്ലപ്പള്ളി മാങ്ങാകുഴി വള്ളിക്കാട്ടിൽ വർഗീസ് മകൻ സജി വർഗീസ് (49) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചക്ക് ശേഷം കടയിലെത്തിയ ഇവർ ബഹളമുണ്ടാക്കിയപ്പോൾ പോലീസിൽ വിളിച്ചറിയിച്ച ജീവനക്കാരിയെ ഒന്നാം പ്രതി കയ്യേറ്റം ചെയ്യുകയും ചവുട്ടി വീഴ്ത്തുകയുമായിരുന്നു. ജീവനക്കാരിയുടെ വലതുകൈ തള്ളവിരലിനു പരിക്കേറ്റു. തടയാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരിയെ രണ്ടാം പ്രതി തള്ളിവീഴ്ത്തി.
ജീവനക്കാരിയുടെ മൊഴിപ്രകാരം കേസെടുത്ത തിരുവല്ല പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.