റാന്നിയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വെളുപ്പിനെ മൂന്നരയ്ക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി വലിയപറമ്പിൽ പടിയിലാണ് അപകടം നടന്നത്. വാനിലെ യാത്രക്കാരനായ തെലങ്കാന സ്വദേശി രാജേഷ് ഗൗഡ (39) ആണ് മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന പത്തുപേർക്ക് പരിക്കേറ്റു. ഇവരെ മാർസ്ലീവാ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്, റാന്നി താലൂക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. കണമലയിൽ ശബരിമല തീർത്ഥാടകർക്ക് അന്നദാനം സംഘടിപ്പിച്ചിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മണ്ഡലപൂജ കഴിഞ്ഞ് നട അടച്ചതോടെ ഇവർ ഉല്ലാസയാത്രയ്‌ക്ക് പുറപ്പെട്ടതായിരുന്നു. ഇതിനുശേഷം മടങ്ങിവരവെ അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.

