സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
മഴ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ചക്രവാതച്ചുഴി കേരളാ തീരത്ത് നിന്ന് അകലുന്നതിനാല്‍ നാളെയോടെ മഴ ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍.