പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ ശരാശരി 28 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ നദികളിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നിലവിലുണ്ട്. എന്നാൽ നദികളിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിൽ നിന്ന് താഴെയാണുള്ളത്.
ജില്ലയിലെ ഡാമുകളിൽ വലിയ ഡാമുകളായ കക്കിയിൽ പരമാവധി ശേഷിയുടെ 31.25% ,പമ്പയിൽ പരമാവധി ശേഷിയുടെ 4.54% വെള്ളം മാത്രമാണ് നിലവിലുള്ളത്. ചെറിയ ഡാമുകളായ മുഴിയാറിലേയും, മണിയാറിലേയും ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. അപകട സൂചകമായ സാഹചര്യം ജില്ലയിൽ നിലവിലില്ല.
ജില്ലയിൽ ഓറഞ്ച് അലെർട്ടിന്റെ പശ്ചാതലത്തിൽ ഏവരും ജാഗ്രത പാലിക്കേണ്ടതാണ്.ജില്ലയിലെ നദികളുടെ ഇരു കരകളില്‍ താമസിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കണം. പൊതുജനങ്ങൾ നദികൾ, തോടുകൾ, ജലാശയങ്ങൾ, മറ്റു വെള്ളക്കെട്ടുകൾ എന്നിവയിൽ ഇറങ്ങുന്ന ഏതു സാഹചര്യവും ഒഴിവാക്കേണ്ടതുമാണ്.മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര പൂർണമായും ഒഴിവാക്കേണ്ടതാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്.
ജില്ലയിലെ നദികളിലെയും മറ്റ് കൈതോടുകളിലെയും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.ഏവരും സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.