പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും

ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള ആഘോഷമാകും സംഘടിപ്പിക്കുകയെന്ന് എഡിഎം പറഞ്ഞു. 

ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി നിരോധിച്ചിട്ടുള്ളതിനാല്‍ ആഹാര സാധനങ്ങളും പാനീയങ്ങളും പ്ലാസ്റ്റിക്ക് രഹിതമായിക്കുവാന്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും പരിശീലന ദിവസങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.

പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനായിരിക്കും സെറിമോണിയല്‍ പരേഡിന്റെ ചുമതല. ജനുവരി 21നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനല്‍ പരേഡ് റിഹേഴ്സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പോലീസ് സേനയില്‍ നിന്നും മൂന്ന്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റില്‍ നിന്ന് ഏഴ്, സ്‌കൗട്ട്‌സ് വിഭാഗത്തില്‍ നിന്നും നാല്, ഗൈഡ്സിന്റെ ആറും, ജൂനിയര്‍ റെഡ്ക്രോസ് അഞ്ച്, എന്‍സിസി ഒന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, ബാന്‍ഡ് സെറ്റ് രണ്ടും പ്ലാറ്റൂണുകള്‍ വീതം പരേഡില്‍ അണിനിരക്കും.

സാംസ്‌കാരിക പരിപാടി, ബാന്‍ഡ്, ദേശഭക്തിഗാനം എന്നിവയുടെ ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കും. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്‍കും. പരേഡിനും പരിശീലനത്തിനും സ്‌കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആര്‍ടിഒ എ.കെ. ദിലു അധ്യക്ഷനായി ഉപസമിതി രൂപീകരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍, പത്തനംതിട്ട-തിരുവല്ല ഡിഇഒമാര്‍, എസ്പിസിയുടെ ചുമതലയുള്ള ഡിവൈഎസ്പി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ഉപസമിതി ആര്‍ടിഒ ഓഫീസില്‍ ചേരും.

ജനുവരി 21നും 23നും പത്തനംതിട്ട നഗരസഭ സെക്രട്ടറിയും ഫൈനല്‍ റിഹേഴ്സല്‍ നടക്കുന്ന 24ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ സപ്ലൈ ഓഫീസറും വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ക്രമീകരിച്ചു നല്‍കും. സെറിമോണിയല്‍ പരേഡ്, സുരക്ഷ, അനൗണ്‍സ്മെന്റ്, ട്രോഫി വിതരണം എന്നീ ചുമതലകള്‍ പോലീസ് നിര്‍വഹിക്കും. അപകടങ്ങള്‍ ഉണ്ടാകാതെ ഫയര്‍ഫോഴ്സ് സുരക്ഷ ഒരുക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും കുടിവെള്ള ലഭ്യത വാട്ടര്‍ അതോറിറ്റിയും വൈദ്യുതി കെഎസ്ഇബിയും ഉറപ്പാക്കും. സല്യൂട്ടിംഗ് ബേസ്, പവലിയന്‍ നിര്‍മാണം, ബാരിക്കേഡ് എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം നിര്‍വഹിക്കും. സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, വൈദ്യുതി ക്രമീകരണം ഇലക്ട്രോണിക്സ് വിഭാഗം നിര്‍വഹിക്കും. പരിശീലന ദിവസങ്ങളിലും പരേഡ് ദിവസവും ആംബുലന്‍സ്, മെഡിക്കല്‍ ടീം സൗകര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) സജ്ജമാക്കും. ജില്ലാ സ്റ്റേഡിയം പത്തനംതിട്ട നഗരസഭ വൃത്തിയാക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏകോപനം കോഴഞ്ചേരി തഹസീല്‍ദാര്‍ നിര്‍വഹിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ