ട്രെയിനില്‍ പോലീസുകാരനെ കൈയേറ്റം ചെയ്ത് തിരുവല്ല താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു

 ട്രെയിൻ യാത്രയ്ക്കിടെ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചതിനെ ചൊല്ലി സഹയാത്രികയോട് ചൂടായ വനിതാ ഡോക്ടർ, വിവരമറിഞ്ഞെത്തിയ പൊലീസുകാരന്റെ മൊബൈൽ ഫോൺ പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ്. ബെറ്റിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്സ്പ്രസിൽ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കമ്പാർട്ട്മെന്റിൽ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രികരിൽ ഒരാൾ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. യാത്രക്കാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമവും നടത്തി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തിൽ ഇടപെട്ടു. അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയെ തുടർന്ന് രണ്ട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ബെറ്റിയെ മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇവർക്കു നേരെയും കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ ഡോക്ടർ ഫോൺ ട്രെയിനിൽ നിന്നും പുറത്തേക്കെറിഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസെടുത്ത ബെറ്റിയെ ഭർത്താവിന്റെയും സഹോദരന്റെയും ജാമ്യത്തിൽ വിട്ടയച്ചു.

എന്നാൽ തനിക്കേതിരെയുള്ള ആരോപണങ്ങളെല്ലാം ഡോ. ബെറ്റി നിഷേധിച്ചു. ഡോക്ടറാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസോ സഹയാത്രികരോ ഇത് മാനിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. സംഭവങ്ങളെല്ലാം താനും എതിര്‍കക്ഷികളും ഫോണില്‍ ചിത്രീകരിച്ചിരുന്നു. റെയില്‍വേ പോലീസുകാര്‍ തന്റെ മൊബൈല്‍ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ പിടിവലിയുണ്ടായി. ഇതിനിടെയാണ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പുറത്തേക്ക് പോയത്. നഷ്ടം സംഭവിച്ച പോലീസുകാരന് പുതിയ ഫോണ്‍ വാങ്ങിനല്‍കാമെന്നും ഡോക്ടര്‍ പറഞ്ഞു. നിലവില്‍ തനിക്കെതിരായ ആരോപണങ്ങളും വാര്‍ത്തകളുമാണ് പ്രചരിക്കുന്നത്. എന്നാല്‍ അതല്ല യഥാര്‍ഥ്യം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും അവർ പറഞ്ഞു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ