കോട്ടാങ്ങൽ പടയണിക്ക് പ്രൗഢിയേകാൻ കുളത്തൂർ കരയിൽ കമുകിൻ തോട്ടം ഒരുക്കും. പച്ചപ്പാളയിൽ വർണക്കോലങ്ങൾ ഒരുക്കാൻ ഇനി കരകൾ കടന്ന് യാത്രചെയ്യേണ്ടിവരില്ല. കേരള കാർഷിക സർവകലാശാലയുടെ മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാനകേന്ദ്രവും കോട്ടയം കൃഷിവിജ്ഞാനകേന്ദ്രവും ചേർന്നാണ് ‘കുളത്തൂരിൽ ഒരു കമുകിൻ പാടം’ എന്ന പദ്ധതി നടപ്പാക്കുക. നാടൻ ഇനമായ കാസർകോട് കമുകുകളാണ് നടുക.
പദ്ധതിയുടെയും കുളത്തൂർ ശ്രീദേവി പടയണി സംഘത്തിന്റെ മാസക്കളരിയുടെയും ഉദ്‌ഘാടനം കുളത്തൂർ താഴത്തുവീട്ടിൽ കളരിയിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ഡോ.ശ്രീവത്സൻ ജെ.മേനോനിൽനിന്ന് കമുകിൻ തൈകൾ ഏറ്റുവാങ്ങി പ്രമോദ് നാരായൺ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
പടയണി മ്യൂസിയം സ്ഥാപിക്കുന്നതിനും, കോട്ടാങ്ങലിനെ പടയണിഗ്രാമമായി പ്രഖ്യാപിക്കുന്നതിനും ശ്രമിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.