ഭാര്യയെ ഉപദ്രവിച്ചതിനു ശേഷം വീട് വിട്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങൽ വായ്പ്പൂര് ചെറുവാപതാൽ നിസ്സാം മൻസിലിൽ അഷ്റഫ് റ്റി അസീസി(33)നെയാണ് പെരുമ്പെട്ടി പോലിസ് തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ നിന്നും പിടികൂടിയത്. ഒന്നര വർഷം മുൻപ് ഭാര്യയെ ക്രൂരമായി മർദിച്ചതിനു ശേഷം അഷ്റഫ് നാടുവിടുകയായിരുന്നു. തുടർന്ന് ഭാര്യയും മക്കളും ഭാര്യയുടെ മാവേലിക്കരയിലെ കുടുംബവീട്ടിലായിരുന്നു താമസം.
കാണാതായതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലും മാവേലിക്കര പോലീസിൽ നിന്നുള്ള വിവരമനുസരിച്ച് ഭാര്യയെ മർദിച്ചതിന് പേരുമ്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷമായി വീട്ടുകാരുമായി ബന്ധപെടാതെ തമിഴ്നാട്ടിൽ കഴിഞ്ഞുവരികയാണ് പ്രതി.
പഴയ കേസുകൾ അന്വേഷണം പൂർത്തിയാക്കണമെന്ന ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, നടത്തിയ നീക്കത്തിൽ പ്രതി ഏർവാടിയിലെ ഒരു സ്ത്രീ മുഖേന വീട്ടുകാർക്ക് പണം അയച്ചു കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ എസ് ഐ സുമേഷ്, എസ് സിപിഒ സോണിമോൻ, സിപിഒ മാരായ സുനിൽ, ഉമേഷ് എന്നിവർ ഏർവാടിയിൽ ദിവസങ്ങളോളം താമസിച്ച് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അഷ്റഫിനെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവല്ല കോടതിയിൽ ഹാജരാക്കി.