നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ പ്രകാരം കരുതൽ തടങ്കലിൽ

 


രണ്ട് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റാന്നി പോലീസ് ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി വടക്കേടത്തു വീട്ടിൽ അതുൽ സത്യനെ(28)യാണ്  അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. 

കേരള സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 3 അനുസരിച്ച്, ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെതുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെതാണ് നടപടി. അതുൽ സത്യൻ   2016  മുതൽ ഇതുവരെ 7 ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. പൊതുഇടങ്ങളിൽ ശല്യമുണ്ടാക്കിയതിനുൾപ്പെടെ പോലീസ് നേരിട്ട് എടുത്ത 6 കേസുകളിലും ഇയാൾ പ്രതിയാണ്. ക്രിമിനൽ കേസുകളിൽ ആറെണ്ണം ഉൾപ്പെടുത്തിയാണ് കാപ്പ  പ്രകാരമുള്ള നിയമനടപടിക്കായി കരുതൽ തടങ്കലിനുള്ള ശുപാർശ പോലീസ് ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. ഇതിൽ രണ്ട് കൊലപാതകക്കേസുകളും, കഞ്ചാവ് കേസും ഉൾപ്പെടുന്നു. എല്ലാ കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. ഇവയിൽ രണ്ടെണ്ണത്തിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. ബാക്കി നാലെണ്ണത്തിൽ വിചാരണ നടന്നുവരികയാണ്.

കൊലപാതകക്കേസുകൾ 2020, 2023 വർഷങ്ങളിലാണ്  റാന്നി പോലീസ് രജിസ്റ്റർ ചെയ്തത്. ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തേതുടർന്ന് മർദ്ദിച്ചുകൊന്നതിന് രജിസ്റ്റർ ചെയ്തതാണ് ആദ്യത്തെത്. രണ്ടാമത്തെ കേസ് ഈവർഷം ജൂണിൽ റിപ്പോർട്ടായതാണ്. കൂടെ താമസിച്ചുവന്ന യുവതിയെ ഇയാൾ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ മാതാപിതാക്കൾക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. 

അടിക്കടി ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇയാൾ റാന്നി, ആലപ്പുഴയിലെ വള്ളികുന്നം പോലീസ് സ്റ്റേഷൻ അതിർത്തികളിൽപ്പെട്ട സ്ഥലങ്ങളിലും, റാന്നി എക്സൈസ് റേഞ്ച് അതിർത്തിയിലും കേസുകളിൽ പ്രതിയായിട്ടുണ്ട്. അടിപിടി, ഭീഷണിപെടുത്തൽ, ദേഹോപദ്രം ഏൽപ്പിക്കൽ, വീടുകയറി ആക്രമണം, കൊലപാതകം, കൊലപാതകശ്രമം, കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിലവിലുള്ളത്. 

തിരുവല്ല ഡി വൈ എസ് പി ഇയാളെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിരുന്നു.  107 സി ആർ പി സി പ്രകാരമുള്ള നടപടിക്കായി തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ റിപ്പോർട്ട്‌ തയാറാക്കി തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്  കോടതി മുമ്പാകെ സമർപ്പിച്ചിരുന്നതും, കേസ് കോടതിയിൽ രജിസ്റ്റർ ചെയ്തിരുന്നതുമാണ്. ഇതിൽ ഇയാൾ ബോണ്ട്‌ വച്ചിരുന്നില്ല. തുടർന്ന്, 2022, 23 വർഷങ്ങളിൽ വള്ളികുന്നം പോലീസ്, റാന്നിപോലീസ്, റാന്നി എക്സൈസ് കേസുകളിൽ ഉൾപ്പെട്ടു. ഒടുവിൽ റിപ്പോർട്ട്‌ ചെയ്തത് റാന്നി പോലീസ് ഈവർഷം ജൂണിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസാണ്. ഈകേസിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്. തുടർന്ന്, തിരുവല്ല പോലീസ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കാപ്പ പ്രകാരം നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട്‌ സമർപ്പിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ