കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഓടുന്നില്ല. പാലിയേറ്റീവ് കെയർ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന് പരാതി.
കഴിഞ്ഞ മൂന്നാഴ്ചയോളമായി ആംബുലൻസ് ഓടുന്നില്ല. ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞതാണ് കാരണം. പാലിയേറ്റീവ് കെയർ പ്രവർത്തനം ഏതാണ്ട് നിലച്ച നിലയിലായിരുന്നുവെന്ന് ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് പറഞ്ഞു. നൂറിലധികം കിടപ്പുരോഗികൾ പഞ്ചായത്തിലുണ്ട്. മാസത്തിൽ 20 ദിവസം പാലിയേറ്റീവ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജീവനക്കാർ ആംബുലൻസുകളിലാണ് ഈ രോഗികളെ സന്ദർശിച്ചിരുന്നത്. നടപടി ആവശ്യപ്പെട്ട് മഹേഷ്, ബി.ജെ.പി.പഞ്ചായത്ത് ജനറൽ സെക്രട്ടറി അജിത്ത് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ബി.ജെ.പി.പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് നിവേദനം നൽകി.
ആംബുലൻസിന് പകരം മറ്റൊരു വാഹനം ഓടിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം പറഞ്ഞു. ആംബുലൻസിന്റെ ഫിറ്റ്‌നെസ് പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.