കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പരപ്പുകാട് ഭാഗത്ത് കമ്പനികാലായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു കെ. കൃഷ്ണൻകുട്ടി (29) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം തന്റെ അയൽവാസിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുപത്തിമൂന്നാം തീയതി രാത്രി 8 മണിയോടുകൂടി യുവാവ് വീടിന് പുറത്ത് റോഡിലൂടെ നടന്നുപോയ സമയം വിഷ്ണു പിന്നിലൂടെയെത്തി യുവാവിനെ കരിങ്കല്ലു കൊണ്ട് പലതവണ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ യുവാവിനോട് വിഷ്ണുവിന് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ, എസ്.ഐ നജീബ് കെ.എ, സി.പി.ഓ മാരായ സുരേഷ് കെ. ആർ, പ്രദീപ് വി.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.