വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച് പരാതി പറയാനെത്തി കെ.എസ്.ഇ.ബി. ഓവർസിയറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.
വായ്പൂര് ചെങ്ങാറുമല തെക്കേക്കാലായിൽ അജീഷ് രാജൻ (31), തീയാടിക്കൽ മുളക്കൽ എം.ജി.സുജിത് (34), വായ്പൂര് ഇളവവീട്ടിൽ രാഹുൽകൃഷ്ണ (32)എന്നിവരെയാണ് പെരുമ്പെട്ടി പോലീസ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്.
ഒന്നാം പ്രതി എഴുമറ്റൂർ ശ്രീസദനത്തിൽ ആർ.രാജേഷ്‌കുമാർ (36) ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഏപ്രിൽ 14-ന് വൈകീട്ട് അഞ്ചിന് വായ്പൂര് സെക്ഷനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം കോവളം കുഴിയൻവിള വിൻസെന്റ് രാജ് (45)-നാണ് മർദനമേറ്റത്.
തലയ്ക്ക് പരിക്കേറ്റനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വനിതാ സബ് എൻജിനീയർ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അറസ്റ്റിലായ മൂന്നുപേരും 50,000 രൂപ വീതം കെട്ടിവെയ്ക്കണമെന്നും പാസ്‌പോർട്ടുകൾ സമർപ്പിക്കണമെന്നും ഉൾപ്പെടെയുള്ള നിബന്ധനയിൽ മേയ് 24-ന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാജേഷ്‌കുമാറിന്റെ അപേക്ഷ തള്ളുകയുംചെയ്തു.