എഴുമറ്റൂർ ഹിന്ദുസ്ഥാൻ പെട്രോളിയം ഗ്യാസ് ഏജൻസിയിലേക്ക് ലോഡുമായി വന്ന ലോറി ബ്രേക്ക് പോയതിനെ തുടർന്ന് അപകടത്തിൽപ്പെട്ടു. ഡ്രൈവർ ആലപ്പുഴ സ്വദേശിയായ അനിലിന്റെ മനസ്സാന്നിധ്യം കൊണ്ടു വൻദുരന്തം ഒഴിവാക്കി.
വേങ്ങഴ-പുറ്റത്താനി റോഡിലെ ഗോഡൗണിൽ ലോഡ് ഇറക്കാൻ വന്ന ലോറിയാണ് ബ്രേക്ക് പോയതിനെ തുടർന്ന് വലിയ ഇറക്കത്തിലേക്ക് പോയത്. നിയന്ത്രണംവിട്ട വാഹനം ഡ്രൈവർ ആലപ്പുഴ സ്വദേശി അനിൽ നിയന്ത്രിച്ച് കഞ്ഞിത്തോട് മനോജിന്റെ സ്ഥലത്തെ കൈയാലയിലേക്ക് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. അടുത്തുണ്ടായിരുന്ന 11 കെ.വി. ലൈൻ പോസ്റ്റ് തകർന്നു.
വണ്ടി കൂടുതൽ ദൂരം മുന്നോട്ട് പോകാതിരുന്നതിനാൽ ജനവാസകേന്ദ്രത്തിൽ എത്തുന്നതും കൂടുതൽ അപകടം ഉണ്ടാകുന്നതും ഒഴിവായി. അനിലിനെ ഗ്രാമപ്പഞ്ചായത്ത് അംഗം സുഗതകുമാരി അഭിനന്ദിച്ചു.
 

 
   