ആനിക്കാട് പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാനെത്തിയ വൈസ് പ്രസിഡന്റ് അടക്കമുള്ള മൂന്ന് മെമ്പർമാരെ തടഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് തുക അനുവദിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം.
സി.പി.എം. അംഗം എം.രാജൻ, കോൺഗ്രസിലെ സലീൽ സാലി, മുസ്ലിംലീഗിലെ ബഷീർകുട്ടി എന്നിവരാണ് വൈസ് പ്രസിഡന്റ് അലിക്കുഞ്ഞ് റാവുത്തർ, അംഗങ്ങളായ തോമസ് മാത്യു, ദേവദാസ് മണ്ണൂരാൻ എന്നിവരെ തടഞ്ഞത്. പ്രസിഡന്റ് സൂസൻ ഡാനിയേൽ, മെമ്പർ അഡ്വ. എച്ച്.സുജ എന്നിവരെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തടയുന്നവനെ ചെരിപ്പൂരി അടിക്കുമെന്ന് സുജ പറഞ്ഞതോടെ അതിന് തുനിഞ്ഞയാൾ പിന്മാറി. കോറം തികഞ്ഞതിനാൽ യോഗം നടന്നു.
നാല്, ആറ് വാർഡുകളിൽ ചെലവഴിക്കാതെ കഴിഞ്ഞ വർഷം ബാക്കിയായ തുക വീണ്ടും അനുവദിക്കണമെന്ന ആവശ്യവുമായാണ് ആളുകളെത്തിയത്. എന്നാൽ, ആകെ ഈ വർഷമുള്ള തുക മാത്രമേ 13 വാർഡുകളിലുംകൂടി നൽകാനാവൂ എന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
ഇതേത്തുടർന്ന് നിലവിലുണ്ടായിരുന്ന പന്നിമല റോഡ് ഒഴിവാക്കി പെടന്നപ്ലാവ്-കൊച്ചുഴത്തിൽപ്പടി റോഡ് നന്നാക്കാൻ തീരുമാനിച്ചു. കീഴ്‌വായ്പൂര് പോലീസും എത്തിയിരുന്നു.