അവിഹിതബന്ധം കാരണം വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്താൽ യുവതിയേയും പ്രായപൂർത്തിയാകാത്ത സഹോദരനെയും മർദ്ദിച്ച കേസിൽ മുൻ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലിക്കാത്തകിടി പൂങ്കോട്ടമണ്ണിൽ വീട്ടിൽ നിന്നും, ഏലിയാസ് കവലയ്ക്ക് സമീപം താഴത്തെക്കൂടത്തിൽ വീട്ടിൽ ബീന വിൽസന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബി ആർ രാഹുൽ (29) ആണ് കീഴ്വായ്പൂർ പോലീസിന്റെ പിടിയിലായത്.
മല്ലപ്പള്ളി ഈസ്റ്റ് ചേർത്തോട് പുളിഞ്ചിമൂട്ടിൽ ആൽവി എബ്രഹാമി(23) നും, 17 വയസ്സുള്ള സഹോദരനുമാണ് മർദ്ദനമേറ്റത്. ഈ മാസം ഒന്നിന് വൈകിട്ട് 5 മണിയോടുകൂടിയാണ് സംഭവം. ഭർത്താവിന്റെ അവിഹിതബന്ധം കാരണം വിവാഹബന്ധം വേർപെടുത്തിയതിലെ വിരോധത്താലാണ് രാഹുൽ ഇരുവരെയും ദേഹോപദ്രവം ഏൽപ്പിച്ചത്.
ആൽവിയ തന്റെ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും എടുക്കാൻ വേണ്ടി സഹോദരനെയും കൂട്ടി രാഹുലും മറ്റും താമസിച്ചു വരുന്ന വീട്ടിൽ വൈകുന്നേരം എത്തി. എന്നാൽ അവ എടുത്തുകൊണ്ടുപോകാൻ അനുവദിക്കാതെ ഇരുവരെയും തടഞ്ഞുനിർത്തിയ രാഹുൽ യുവതിയുടെ അനുജനെ അസഭ്യം വിളിച്ചുകൊണ്ട് പിടിച്ചുതള്ളുകയും, അടിക്കുകയും മുറ്റത്തിരുന്ന ചെടിച്ചട്ടിയെടുത്ത് എറിഞ്ഞ് കയ്യിലും വയറിലും പരിക്ക് ഏൽപ്പിക്കുകയും ചെയ്തു. രണ്ടാം പ്രതി രാഹുലിന്റെ അച്ഛൻ രഘുനാഥൻ നായർ തടി കഷ്ണം കൊണ്ട് അലന്റെ തലയ്ക്കു അടിച്ചു ബോധം കെടുത്തി. രാഹുൽ കയ്യിലിരുന്ന മൊബൈൽ ഫോൺ കൊണ്ട് ആൽബിയയുടെ തലയ്ക്കും നടുവിനും പുറത്തും അടിച്ചു.
ആൽവിയാ വിവരം വീട്ടിൽ വിളിച്ച് അറിയിച്ചതിന്, രാഹുൽ ഫോൺ പിടിച്ചു വാങ്ങി തറയിൽ എറിഞ്ഞുടച്ചതിൽ 5000 രൂപയുടെ നഷ്ടം സംഭവിച്ചു. യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച കീഴ്‌വായ്‌പ്പൂർ പോലീസ് സംഭവദിവസം രാത്രി 10 മണിക്ക് വീട്ടിൽ നിന്നും രണ്ടാം പ്രതിയെ പിടികൂടിയിരുന്നു. തുടർന്ന് ഒന്നാം പ്രതിയെ ഇന്നലെ രാത്രി എട്ടുമണിയോടെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.