തിരുവല്ലയിൽ പിണങ്ങിക്കഴിയുന്ന ഭാര്യയെ വാടകവീട്ടിലെത്തി ബിയർകുപ്പികൊണ്ട് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമ്മൂട്ടിൽ വീട്ടിൽ എം.കെ. രാജേഷി(39)നെയാണ് അറസ്റ്റുചെയ്തത്. അക്രമത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാവിലെ, അമ്മയ്ക്കും സഹോദരിക്കുമൊപ്പം യുവതി വാടകയ്ക്കുതാമസിക്കുന്ന വീട്ടിലെത്തിയായിരുന്നു അക്രമണം. കുപ്പി കൊണ്ടടിക്കുകയും പൊട്ടിയ കുപ്പിയുടെ ഭാഗം കൊണ്ട് ശരീരത്തിൽ പലയിടത്തായി കുത്തുകയും ചെയ്തു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി ചികിത്സയിലാണ്.
രക്ഷപ്പെട്ട് ഓടിയ യുവതിയെ സഹോദരി ഓട്ടോറിക്ഷയിൽ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി, ഭാര്യയും അഞ്ചു വയസ്സുള്ള മകനെയും മദ്യപിച്ചെത്തി മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കി വിടുകയും ചെയ്യുന്നത് പതിവാണ്. ഏഴുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയും ദേഹോപദ്രവം ഏൽപ്പിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. യുവതിയും മകനും അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിലേക്ക് പോയി.
തിരികെ വരണമെന്നാവശ്യപ്പെട്ടാണ് ഞായറാഴ്ച അക്രമം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.