തിരുവല്ല: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത് ഡ്യൂട്ടി തടസ്സപ്പെടുത്തിയ ആൾ പിടിയിൽ. പുളിക്കീഴ് പെരിങ്ങര സ്വദേശി പാണാറ ഹൗസിൽ അജേഷ് പി.എസ് (47) ആണ് അറസ്റ്റിലായത്. പത്തനംതിട്ട ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു നാടകീയമായ സംഭവങ്ങൾ.
ഇന്നലെ ഉച്ചയ്ക്ക് പൊടിയാടി വൈക്കത്തില്ലം ഭാഗത്ത് പത്തനംതിട്ട എൻഫോഴ്സ്മെന്റ് എം.വി.ഐ ഷെമീർ, എ.എം.വി.ഐ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുകയായിരുന്നു. ഈ സമയം അമ്പലപ്പുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ വന്ന പെൺകുട്ടിയെ ഉദ്യോഗസ്ഥർ തടഞ്ഞു.
പരിശോധനയിൽ പെൺകുട്ടിക്ക് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നും ലൈസൻസോ മറ്റ് രേഖകളോ കൈവശമില്ലെന്നും വ്യക്തമായി. തുടർന്ന് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുക്കുകയും രക്ഷിതാക്കളെ വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെൺകുട്ടിയുടെ പിതാവ് അജേഷും മറ്റൊരാളും ചേർന്ന് കസ്റ്റഡിയിലെടുത്ത സ്കൂട്ടർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരോട് തർക്കിച്ചു. എ.എം.വി.ഐ ഷാജി ജോസഫിന്റെ കയ്യിൽ നിന്നും സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇതോടെ പ്രകോപിതനായ അജേഷ്, മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡ് വാഹനമായ ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറിന്റെ (KL-01-CQ-1402) ഡോർ ബലമായി തുറന്ന് താക്കോൽ ഊരിയെടുക്കുകയായിരുന്നു. തങ്ങളുടെ വാഹനം വിട്ടുനൽകാതെ ഉദ്യോഗസ്ഥരുടെ വണ്ടിയും വിടില്ലെന്ന നിലപാടിലായിരുന്നു പ്രതി.
ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ വാഹനവും താക്കോലും പോലീസ് ഉദ്യോഗസ്ഥർക്ക് തിരികെ വാങ്ങി നൽകി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനും അജേഷിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

