തിരുവല്ല: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർഗ്രിസ് (തിമിംഗല ദഹനശിഷ്ടം) തിരുവല്ലയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. കൊല്ലം ഓടനാവട്ടം സ്വദേശി രാജീവ് (39), കൊട്ടാരക്കര സ്വദേശി സോമൻ (48) എന്നിവരെയാണ് പന്തളം പൊലീസും ജില്ലാ ഡാൻസാഫ് (DANSAF) ടീമും ചേർന്ന് പിടികൂടിയത്.
പന്തളം വലിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നാണ് പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തത്. അഞ്ചു വർഷം മുൻപ് ലക്ഷദ്വീപിൽ നിന്ന് വാങ്ങിയ ആംബർഗ്രിസ്, തിരുവല്ലയിൽ ഉയർന്ന തുകയ്ക്ക് കച്ചവടം ഉറപ്പിച്ച് കൊണ്ടുപോകുന്ന വഴിയാണ് പിടിയിലായതെന്ന് പ്രതികൾ മൊഴി നൽകി.
പിടിച്ചെടുത്ത ആംബർഗ്രിസും പ്രതികളെയും തുടർന്നുള്ള നിയമനടപടികൾക്കായി വനംവകുപ്പിന്റെ കോന്നി ഡിവിഷന് കൈമാറി. സംഭവത്തിന് പിന്നിൽ കൂടുതൽ കണ്ണികളുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്.

