ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്കു ചൂട്ടു വെച്ചു. മേൽശാന്തി വിശ്വനാഥ്. പി. നമ്പൂതിരി ശ്രീകോവിലിൽനിന്ന് പകർന്ന ദീപം ഒതുക്കിക്കെട്ടിയ കറ്റയിൽ ഏറ്റുവാങ്ങി പുത്തൂർ രാധാകൃഷ്ണപ്പണിക്കർ കുളത്തൂർ കരയ്ക്ക് വേണ്ടിയും കടൂർ രാധാകൃഷ്ണക്കുറുപ്പ് കോട്ടാങ്ങലിനായും ചൂട്ടുവെച്ചു.
എട്ടു പടയണി ചൂട്ടു വെപ്പ് എന്ന ചടങ്ങിൽ കൂടി ആണ് ക്ഷേത്രത്തിൽ പടയണിക്കു തുടക്കം കുറിക്കുന്നത്. പടയണി കളത്തിലേക്ക് ദേവിയെ വിളിച്ചിറക്കുന്നു എന്നും വിശ്വാസം ഉണ്ട്. ധനു മാസത്തിലെ ഭരണി മുതൽ മകര മാസത്തിലെ ഭരണി വരെ ആണ് പടയണി .അതിൽ മകര ഭരണിക്കു മുൻപുള്ള 8 ദിവസങ്ങളിൽ ആണ് ക്ഷേത്രത്തിൽ പടയണി നടക്കുന്നത്. കുളത്തൂർ കോട്ടാങ്ങൽ കരക്കാർ മത്സര ബുദ്ധിയോടെ ഒന്നിട വിട്ട ദിവസങ്ങളിൽ, ചിട്ട വട്ടങ്ങൾ പാലിച്ചു, വൃത ശുദ്ധിയോടെ , നടത്തുന്ന പടയണി കാണാൻ സ്വദേശത്തു നിന്നും വിദേശത്ത് നിന്നും ധാരാളം ആളുകൾ എത്തുന്ന പതിവുണ്ട്. വലിയ പടയണി നാളുകളിൽ തിരുവാഭരണ, തിരുമുഖ ദർശനം സാധ്യമാണ്.
പടയണിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ വകുപ്പുകളുടെ ഏകോപന യോഗം MLA, RDO എന്നിവരുടെ സാന്നിധ്യത്തിൽ ഓൺലൈൻ ആയി നടന്നു. മല്ലപ്പള്ളി തഹസിൽദാർ വിവിധ വകുപ്പുകളുടെ ഏകോപന ചുമതല നിർവഹിക്കാനും ടി യോഗം തീരുമാനിച്ചു.
ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി റ്റി.സുനിൽ താന്നിക്കപൊയ്കയിൽ, കുളത്തൂർ കരയ്ക്കുവേണ്ടി പ്രസിഡന്റ് കരുണാകരൻ നായർ, സെക്രട്ടറി കെ.കെ.ഹരികുമാർ, ട്രഷറർ രതീഷ് ചളുക്കാട്ട്, കോട്ടാങ്ങൽ കരയ്ക്കുവേണ്ടി പ്രസിഡന്റ് എൻ.ജി.രാധാകൃഷ്ണൻ, സെക്രട്ടറി അരുൺ കൃഷ്ണ കാരയ്ക്കാട്ട്, അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.
ചൊവ്വാഴ്ച ചൂട്ടുവലത്തു നടക്കും. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ ഗണപതിക്കോലം, നാല്, അഞ്ച് തീയതികളിൽ അടവി. ആറ്, ഏഴ് തീയതികളിൽ വലിയ പടയണിയെന്ന ക്രമത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഏറ്റെടുത്ത് നടത്തും.
പത്തനംതിട്ട ജില്ലാ സി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കോവിഡ് നിബന്ധനകൾ പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നതെന്ന് ഭരണസമിതി അറിയിച്ചു.