കുരുമ്പൻമൂഴി പനകുടുന്ത തോടിന് സമീപം വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി ജനവാസമേഖലയിലും പമ്പാനദീ തീരത്തും കണ്ടിരുന്ന കൊമ്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പകൽ ഒരു മണിയോടെയാണ് റാന്നി വനമേഖലയിലെ കണമല ഫോറസ്റ്റ് സ്‌റ്റേഷൻ അതിർത്തിയിൽ പനംകുടുന്ത അരുവിക്ക് താഴെ ജഡം കണ്ടത്.
കുരുമ്പൻമൂഴി ജനവാസമേഖലയിൽനിന്ന് 250 മീറ്ററോളം അകലെയാണിത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പിലെ വാച്ചർ നടത്തിയ അന്വേഷണത്തിലാണ് ആനയെ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ചയിൽ പലദിവസങ്ങളിലും ആന നദി കടന്ന് മറുകരയിലെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. എന്നാൽ, കൃഷി നശിപ്പിക്കുകയല്ലാതെ തീറ്റ എടുത്തിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് പമ്പാനദീതീരത്ത് നിലയുറപ്പിച്ച ആനയെ വനപാലകരും നാട്ടുകാരും ബഹളം വെച്ചും പടക്കം പൊട്ടിച്ചും കടുവയുടെ ശബ്ദം മുഴക്കിയും മറ്റുമാണ് വനത്തിലേക്ക് മടക്കി അയച്ചത്.
പിന്നീട് ചരിഞ്ഞ നിലയിലാണ് കണ്ടെത്തുന്നത്. കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.ഷാജിമോൻ, എസ്.എഫ്.ഒ.മാരായ നെജിമോൻ, സാബുമോൻ, ബി.എഫ്.ഒ.അക്ഷയ് ബാബു എന്നിവർ സ്ഥലത്തെത്തി. ചൊവ്വാഴ്ച ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ഉച്ചയോടെ ദഹിപ്പിക്കും.