വായ്പൂര് ജങ്ഷനുസമീപം വൈദ്യുതി കടത്തിവിട്ടിരുന്ന ഏരിയൽ ബഞ്ച് കേബിൾ, പോസ്റ്റിൽനിന്ന് ഇളകി താഴെവീണു. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിനുമുന്നിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇതേസമയം റോഡിൽ സ്കൂട്ടറിൽ യാത്രചെയ്തിരുന്ന അമ്മയ്ക്കും മകനും വണ്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റു. ഇരുവരെയും കെ.എസ്.ഇ.ബി. വാഹനത്തിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
മല്ലപ്പള്ളി സബ്സ്റ്റേഷനിൽനിന്ന് കഴിഞ്ഞമാസം ചുങ്കപ്പാറയ്ക്ക് വലിച്ച കേബിളാണ് കൂട്ടിയോജിപ്പിച്ച ഭാഗം ഇളകിവീണത്. നേരിട്ട് ദേഹത്ത് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
പലയിടത്തും ഇത് അപകടാവസ്ഥയിലാണെന്ന് പരാതിയുണ്ട്. പൂർണമായ സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും അടിയന്തരപരിശോധന നടത്തണമെന്നും ആവശ്യമുണ്ട്.