പുറമറ്റത്ത് വീട്ടമ്മയെ ആക്രമിച്ചയാളെ മകൾ പിന്തുടർന്ന് പിടികൂടി

കച്ചവടക്കാരനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ കോളേജ് വിദ്യാർഥിനിയായ മകൾ പിന്നാലെ പോയി പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് തൃശ്ശൂർ അന്തിക്കാട് പടിയം കുട്ടാല വീട്ടിൽ നിനേഷ് (24) പുറമറ്റം കമ്പനിമല പഴയില്ലത്ത് മലയിൽ വീട്ടിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിൽ സാധനങ്ങൾ വിൽക്കുന്ന എക്സിക്യുട്ടീവാണെന്ന് പറഞ്ഞ് ചെന്ന് ആക്രമിച്ചത്.

ശ്യാമള ഒന്നും വേണ്ടെന്ന് പറഞ്ഞ് തിരികെ നടക്കുമ്പോൾ നിനേഷ് പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇവർ വീണുപോയി. ഈ സമയത്തു പുറമറ്റം കവലയിൽ വ്യാപാരിയായ രാധാകൃഷ്ണൻ നായർ വീട്ടിലില്ലായിരുന്നു

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന മകൾ അഞ്ജന ആർ.നായർ ബഹളം കേട്ട് ഇറങ്ങി വന്നപ്പോൾ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം അഞ്ജന അക്രമി പോയ വഴിയെ ഓടി. പോസ്റ്റ് ഓഫീസ് ആർ.ഡി.കളക്‌ഷൻ ഏജന്റായ സ്ത്രീ സ്കൂട്ടറിൽ വന്നപ്പോൾ അവരോടൊപ്പം  കയറി പിന്നാലെ പാഞ്ഞു.

പുറമറ്റം കവലയിൽ വെച്ച് അക്രമിയെ കണ്ട അഞ്ജന കെ.എസ്.എഫ്.ഇ.യുടെ മുന്നിൽ നിന്ന് ആളെക്കൂട്ടി ഇയാളെ പിടികൂടുകയായിരുന്നു. അഞ്ജന ഇയാളുടെ കരണത്തിന് രണ്ട് അടിയും കൊടുത്തു. അപ്പോഴാണ് അടുത്ത വീടായ മീഞ്ചപ്പാട്ടും ഇയാൾ ഇതേ രീതിയിൽ പെരുമാറിയെന്ന് അറിഞ്ഞത്. അവിടത്തെ പെൺകുട്ടിയും എത്തി ഇയാളെ അടിച്ചു. അക്രമിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് വിദ്യാർഥിനിയാണ് അഞ്ജന. പൗരസമിതി അഞ്ജനയെ അഭിനന്ദിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ