നിയമപരമായി വിവാഹം ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ചു പലതവണ ബലാൽസംഗം ചെയ്തശേഷം, ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും മറ്റും നൽകി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ.
കീഴ്‌വയ്പ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ നാരായണന്റെ മകൻ സുനിൽ കുമാർ (42) ആണ് വെള്ളി വൈകിട്ട് പിടിയിലായത്. ഏഴുമറ്റൂർ സ്വദേശിനിയായ 40 കാരിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 ന് വിവാഹം കഴിച്ച ശേഷം, പലയിടങ്ങളിൽ ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി നൽകിയത്.
നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമാണ്ലൈംഗികമായി പീഡിപ്പിച്ചത്. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും, പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് 6 പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും, അവർ ഓൺലൈനിലും, ഫേസ്ബുക് പേജിലും അപകീർത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന്, ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി മലപ്പുറത്തെ വീട്ടിൽ നിന്നും ഇന്നലെ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. വീട്ടിൽ നിന്നും തെളിവെടുപ്പ് നടത്തുകയും ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിനും, വിദേശത്തുള്ള യുവതിയെ വീഡിയോ കാളിലൂടെ പ്രതിയെ കാണിച്ചു തിരിച്ചറിഞ്ഞതിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഉപയോഗിച്ച ഫോണും കൃത്യസമയത്ത് ധരിച്ച വസ്ത്രങ്ങളും നശിപ്പിച്ചതായാണ് ഇയാൾ പറഞ്ഞത്.വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് സി പി ഒ ജൂബി തമ്പി, സി പി ഓമാരായ ഷെറിൻ ഫിലിപ്പ്, വരുൺ കൃഷ്ണൻ എന്നിവരുണ്ടായിരുന്നു.