മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഓഗസ്റ്റ് 19-ന് സെന്റ് ജോൺസ് ബഥനി ഓർത്തോഡോക്സ് പള്ളിഹാളിൽ നടക്കും. രാവിലെ 9.30-ന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനംചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും. യോഗത്തിന് മുൻപായി നിർമ്മൽ ജ്യോതി സ്കൂൾ ജങ്ഷനിൽനിന്ന് ബഥനി പള്ളിഹാളിലേക്ക് വിളംബരറാലിക്ക് കീഴ്‌വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഫ്ളാഗ്ഓഫ് ചെയ്യും.
ആരോഗ്യമേഖലയിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യവകുപ്പ് മറ്റു വകുപ്പുകൾ എന്നിവ ചേർന്നാണ് ആരോഗ്യമേള നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ ബോധവത്കരണ ക്ളാസുകൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ട്. ബ്ലോക്ക് മെംബറും പബ്ലിസിറ്റി കൺവീനറുമായ ലൈല അലക്‌സാണ്ടർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. രശ്മിനായർ, രാജഗോപാലൻ, ബി.ഡി.ഒ. ലക്ഷ്മിദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.