മിന്നൽ പ്രളയം മല്ലപ്പള്ളി താലൂക്കിൽ (ചിത്രങ്ങളിലൂടെ)

 മല്ലപ്പള്ളി താലൂക്കിൽ നാളിതുവരെ കാണാത്ത മിന്നൽപ്രളയമായിരുന്നു തിങ്കളാഴ്ച ഉണ്ടായത്. അതിതീവ്രമഴയുടെ ഫലമെന്നോണം ഉയർന്ന പ്രദേശങ്ങളിൽ രൂപംകൊണ്ട ഉറവകൾ ഒന്നിച്ചെത്തിയപ്പോൾ തോടുകൾ നിറഞ്ഞു കവിഞ്ഞു. വെളുപ്പിന് നാലരയോടെയാണ് ദുരന്തമുഖം തുറന്നത്. പലയിടത്തും മണ്ണിടിഞ്ഞു. വീടുകളിലും കടകളിലും വെള്ളം കയറി, കൃഷി നശിച്ചു. കാറും മറ്റുവാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. റോഡുകളും വെള്ളത്തിനടിയിലായി, ഗതാഗതം സ്തംഭിച്ചു.

കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ, പുറമറ്റത്തെ വെണ്ണിക്കുളം, മല്ലപ്പള്ളിയിലെ വേങ്ങഴ, ആനിക്കാട് പിടന്നപ്ലാവ്, കുന്നന്താനം ചെങ്ങരൂർ, കല്ലൂപ്പാറ കുറഞ്ഞൂക്കടവ്, എഴുമറ്റൂർ അരീക്കൽ എന്നിവിടങ്ങളിലാണ് കെടുതികളേറെയും. 

മല്ലപ്പള്ളി വേങ്ങഴ കരോട്ട് ജോസ് കട നടത്തിയിരുന്ന ഓടിട്ട കെട്ടിടം പാറത്തോട്ടിലേക്കുവീണ് പൂർണമായി തകർന്നു. ചുങ്കപ്പാറ ചക്കാലയിൽ വീട്ടിൽ മുനീറിന്റെ കാർ ഒഴുകിപ്പോയി. 150 മീറ്ററിലധികം നീങ്ങിയ വണ്ടി ഊരുകുഴി തോട്ടിൽ കലുങ്കിന്റെ സ്ലാബിൽ തങ്ങിനിന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ വടംകൊണ്ട് കെട്ടിനിർത്തി. കാർ കരയ്ക്കെത്തിക്കാൻ മണിക്കൂറുകൾ പരിശ്രമിച്ചെങ്കിലും, ഒഴുക്ക് തടസ്സമായി. പിന്നീട് ക്രെയിനുപയോഗിച്ചാണ് കാർ കരയ്ക്കെത്തിച്ചത്. മല്ലപ്പള്ളി കീഴ്വായ്പൂര് ചാക്കമറ്റം അനു വർഗീസിന്റെ കാറും വെള്ളത്തിൽ മുങ്ങി. വെണ്ണിക്കുളം, ചുങ്കപ്പാറ കവലകളിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ വെള്ളം കയറി. 

ആനിക്കാട് പഞ്ചായത്തിൽ നെടുമണ്ണിപ്പടി തോട് കരകവിഞ്ഞു. പിടന്നപ്ലാവ് മാവേലിസ്റ്റോറിൽ വെള്ളം കയറി. ചക്കാലക്കുന്ന് സന്തോഷിന്റെ വീടിന് പിന്നിലെ കരിങ്കൽകെട്ട് ഇടിഞ്ഞുവീണു.

വാഴക്കുന്നം 139 മില്ലി മീറ്റർ, കുന്നന്താനം 124 മില്ലി മീറ്റർ, റാന്നി 104 മില്ലി മീറ്റർ എന്നിങ്ങനെയാണ് തീവ്ര മഴയിടങ്ങളിലെ സ്ഥിതി. മറ്റ് പ്രദേശങ്ങളിൽ മഴ ശരാശരി 70 മില്ലി മീറ്റർ മാത്രമാണ്.

മല്ലപ്പള്ളി മേഖലയിൽ വെള്ളപ്പൊക്കം പൊടുന്നനെ ഉണ്ടായത് ഈ തീവ്രമഴ കാരണമാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് കൂമ്പാര മേഘങ്ങൾക്ക് ഇടയാക്കുന്നത്. 16 കിലോമീറ്റർവരെ പൊക്കത്തിലാണ് ഇവ സ്വരൂപിക്കപ്പെടുന്നത്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ