ദേശീയ ദുരന്ത നിവാരണ അതോറിട്ടി മണിമലയാറ്റില്‍ വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം നടത്തിയ പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ (34 വയസ്) അപകടത്തില്‍പ്പെട്ടു.
നാട്ടുകാരായ ബിനു അടക്കം നാലുപേര്‍ മോക്ക് ഡ്രില്ലിന്‍റെ ഭാഗമായി വെള്ളത്തില്‍ ചാടുകയായിരുന്നു. പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് വെള്ളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയും, സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തിര സഹായം നല്കുകയും ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. ബിനു സോമന്റെ സ്ഥിതി നിലവില്‍ ഗുരുതരമാണ്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രളയദുരന്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദേശപ്രകാരം, സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. രണ്ടു ദിവസമായി വെണ്ണിക്കുളം പടുതോട് പാലത്തില്‍ ഇതു സംബന്ധിച്ച് ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.