സമൂഹമാധ്യമം വഴി പരിചയപ്പെട്ടശേഷം പ്രണയം നടിച്ച് 14 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരവിപേരൂർ വള്ളംകുളം തിരുവാമനപുരം നെടുംതറയിൽ വീട്ടിൽ ബിനു ജോർജ്ജിന്റെ മകൻ ഷാബിൻ ബിനു ജോർജ്ജാ(19)ണ് കീഴ്‌വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് പെൺകുട്ടിയുമായി യുവാവ് സാമൂഹിക മാധ്യമം വഴി പരിചയത്തിലാവുന്നത്. തുടർന്ന് ഡിസംബർ 14 ന് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ബുധനാഴ്ച സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പോലീസ് ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം, എസ് സി പി ഓ ഷെറീന അഹമ്മദ് കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, ഇന്നലെ പുലർച്ചെ തിരുവാമനപുരത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് യുവാവ് കുറ്റം സമ്മതിച്ചു. ഫോണിലൂടെ പെൺകുട്ടിയെ കാണിച്ച് പ്രതിയെ തിരിച്ചറിഞ്ഞശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എ എസ് ഐമാരായ പ്രസാദ്, ഉണ്ണികൃഷ്ണൻ, അജു കെ അലി, എസ് സി പി ഓമാരായ അൻസിം, ഷെരീഫ്, സി പി ഓ വരുൺ എന്നിവരും പങ്കെടുത്തു.