ടോറസ് വാഹനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഉയര്‍ത്തി വച്ചിരുന്ന ക്യാബിന് താഴേക്ക് വീണു മെക്കാനിക്കിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ പുല്ലാട് കുറവന്‍ കുഴിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശിയായ സന്തോഷ്(50) ആണ് മരിച്ചത്.
ടോറസിന്റെ കാബിനു പിന്നിലിരുന്ന് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ലിവർ താഴ്ന്ന് സന്തോഷിന്റെ തലയിലേക്കു പതിക്കുകയായിരുന്നു. വാഹനത്തിന്റെ കാബിനിടയിൽ ഞെരുങ്ങി അമർന്നാണ് മരണം. തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിശമനസേന യൂണിറ്റ് എറെ പണിപ്പെട്ടാണ് സന്തോഷിന്റെ മൃതദേഹം പുറത്തെടുത്തത്. ക്രെയിൻ എത്തിച്ച് താഴ്ന്നു കിടന്ന വാഹനത്തിന്റെ പിൻഭാഗം ഉയർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്‍ക്വസ്റ്റ് തയാറാക്കിയതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ത്തിനായി ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരുവല്ല അഗ്നിശമനസേന യൂണിറ്റിലെ സ്റ്റേഷന് ഓഫീസര്‍ ആര്. ബാബു, അസിസ്റ്റന്റ് ഓഫീസര്‍ സുന്ദരേശന് നായര്‍, കോയിപ്രം എസ്ഐ ഗ്ലാഡ്വിന് എഡ്വോര്‍ഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. എഴുമറ്റൂരിലുള്ള സ്വകാര്യ ക്രഷര്‍ യൂണിറ്റിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. ഇവരുടെ വള്ളിക്കാലായിലുള്ള സ്ഥലത്താണ് വാഹനത്തിന്റെ തകരാർ പരിശോധിച്ചുവന്നത്.