മല്ലപ്പള്ളി ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസ് ആംബുലന്‍സായി കുതിച്ചു, അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചു. കെഎസ്‌ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയിലെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസാണ് ആംബുലന്‍സായത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ കുറെദൂരം തിരികെ ഓടുകയും ചെയ്തു. കോട്ടയത്തുനിന്ന് വടക്കഞ്ചേരിക്ക് ടിക്കറ്റെടുത്ത ദമ്ബതിമാരിലെ വനിത രാവിലെ പത്തരയോടെ ആദ്യം ഛര്‍ദിക്കുകയും പിന്നീട് അബോധാവസ്ഥയിലാകുകയും ചെയ്തു. ഇവര്‍ക്ക് കൃത്രിമശ്വാസം നല്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇദ്ദേഹം ഭാര്യയുടെ പേരുവിളിച്ച് അലമുറയിടുന്നതു കണ്ട്, കണ്ടക്ടര്‍ സി ജുബിന്‍ ഡ്രൈവര്‍ കെകെ പ്രസാദിനെ വിവരമറിയിച്ചു. ശാരീരികാസ്വസ്ഥതകള്‍ അറിഞ്ഞതോടെ ഡ്രൈവര്‍ പ്രസാദും കണ്ടക്ടര്‍ ജുബിനും ചേര്‍ന്ന് അവരെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. വഴിയരികിലെ ഒരു ക്ലിനിക്കില്‍ അന്വേഷിച്ചെങ്കിലും ഡോക്ടറില്ലായിരുന്നു.
തുടര്‍ന്ന് പേഴക്കാപ്പള്ളിയിലെ പെട്രോള്‍ പമ്ബില്‍ ബസ് തിരിച്ച് രണ്ടുകിലോമീറ്ററോളം തിരികെയോടിച്ച് മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.