കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപം രാത്രി രണ്ട് യുവാക്കളെ കുത്തിവീഴ്‌ത്തിയ സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. കുന്നന്താനം കീഴ്‌വായ്പൂർ കോളനിപ്പടി മണക്കാട്ട് വീട്ടിൽ നന്ദു നാരായണൻ (24), തിരുവല്ല ചുമാത്ര കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ പ്രശോഭ് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാർ അറസ്റ്റുചെയ്തത്.
മാടപ്പള്ളി സ്വദേശികളായ യുവാക്കൾക്കാണ് കുത്തേറ്റത്. യുവാക്കളും പ്രതികളും തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപം പ്രതികളും യുവാക്കളുമായി വാക്കേറ്റമുണ്ടായി. തുടർന്ന് കുത്തിവീഴ്‌ത്തുകയുമായിരുന്നു. പ്രശോഭിന്‍റെ പേരിൽ തിരുവല്ല സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. നന്ദു നാരായണന്‍റെ േപരിൽ തിരുവല്ല, തൃക്കൊടിത്താനം, കീഴ്‌വായ്പൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.