പലരിൽനിന്നും പണം കടം വാങ്ങിയ ശേഷം മുങ്ങിയ കോട്ടാങ്ങൽ സ്വദേശിയെ കണ്ടെത്തി

ഒരു വർഷം മുമ്പ് നാട്ടിൽ നിന്നും പലരോടും പണം കടം വാങ്ങിയശേഷം നാടുവിട്ട യുവാവിനെ കണ്ടെത്തി. കോട്ടാങ്ങൽ  പാടിമൺ  കോലമല വീട്ടിൽ സാജൻ തോമസി(38)നെയാണ് പെരുമ്പെട്ടി പോലീസ്  ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയായ രാധൻപൂരിൽ കണ്ടെത്തി നാട്ടിലെത്തിച്ചത്. 

 നിരവധിയാളുകളിൽ നിന്നും  പണം കടം വാങ്ങുകയും, പിന്നീട് തിരികെ നൽകാതെ ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ ഇയാളെ കാണാതായതായി പെരുമ്പെട്ടി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണത്തിൽ യുവാവ് സംസ്ഥാനം വിട്ടതായി സ്ഥിരീകരിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളെപ്പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല.  

വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ ജോലി ചെയ്തിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്,  ജില്ലാ പോലീസ് മേധാവി മുഖേന ഗുജറാത്ത് പോലീസുമായി ബന്ധപ്പെടുകയും തുടർന്ന് ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയായ രാധൻ പൂരിൽ കണ്ടെത്തുകയുമായിരുന്നു. യുവാവ് ഇവിടെയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലിസ് ഇൻപെക്ടർ എം ആർ സുരേഷിന്റെ നിർദ്ദേശാനുസരണം എസ് ഐ സുമേഷ്, സി പി ഓമാരായ അജീഷ് കുമാർ, സുനിൽ കുമാർ എന്നിവരുടെ സംഘം രാധൻപൂരിലെത്തി പിടികൂടി. 

ഇയാളെ പിടികൂടിയതറിഞ്ഞ്,  കടം വാങ്ങിയിട്ട് പണം തിരികെ കിട്ടാത്തവരുടെ പരാതികൾ പെരുമ്പെട്ടി പോലിസ് സ്റ്റേഷനിൽ ലഭിക്കുന്നുണ്ട്.  പരാതികളിൽ തുടർനടപടി ഉണ്ടാകുമെന്ന്  പെരുമ്പെട്ടി പോലീസ് പറഞ്ഞു. 

 പണം കടം വാങ്ങിയത് സുഹൃത്തിനു വേണ്ടിയാണെന്നും, അയാൾക്ക് കൈമാറിയിട്ടുണ്ടെന്നും, സുഹൃത്തുമായി പങ്കുകച്ചവടം നടത്തിയിരുന്നുവെന്നും സാജൻ തോമസ് പോലീസിനോട് പറഞ്ഞു. ഇതിനെ പറ്റി പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ