എന്റെ കേരളം പ്രദര്‍ശന - വിപണനമേളയ്ക്ക് മേയ് 12ന് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ തുടക്കമാകും

 


രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഏഴു ദിവസത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് മേയ് 12ന് തുടക്കമാകും.  

സാംസ്‌കാരികഘോഷയാത്ര

ഉദ്ഘാടനത്തിനു മുന്നോടിയായി വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍നിന്നു ജില്ലാ സ്റ്റേഡിയത്തിലേക്ക് വര്‍ണാഭമായ സാംസ്‌കാരികഘോഷയാത്ര സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്കു പൊലിമ കൂട്ടും.

ജില്ലാതല ഉദ്ഘാടനം

 വൈകുന്നേരം 5.30ന് ജില്ലാ സ്റ്റേഡിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., എം.എല്‍.എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍,  ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, പൊതുമേഖലാ സ്ഥാപന സാരഥികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ഇരുനൂറിലേറെ സ്റ്റാളുകള്‍

 ആകെ 70,139 ചതുരശ്ര അടി  സ്ഥലത്താണ് പന്തല്‍ ഒരുക്കിയിട്ടുള്ളത്. ഇരുനൂറിലേറെ  സ്റ്റാളുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും നടക്കുന്ന ഓഡിറ്റോറിയം, രുചികരവും വൈവിധ്യപൂര്‍ണവുമായ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ട് എന്നിവ  മേളയുടെ പ്രധാന ആകര്‍ഷണമാണ്. കിഫ്ബിയാണ് മേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 

വൈവിധ്യമേറിയ പ്രദര്‍ശനം

 കേരളം ഒന്നാമത് പ്രദര്‍ശനം, ടൂറിസം പവലിയന്‍, കിഫ്ബി വികസന പ്രദര്‍ശനം,  ബിടുബി മീറ്റ്, അമ്യൂസ്‌മെന്റ് ഏരിയ, ഡോഗ് ഷോ, സെല്‍ഫി പോയിന്റ്, സ്‌പോര്‍ട്‌സ് ഏരിയ, നവീനസാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക- വാണിജ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, തത്സമയമത്സരങ്ങള്‍ തുടങ്ങിയവ മേളയുടെ ആകര്‍ഷണങ്ങളാണ്. 

എന്റെ കേരളം മേളയില്‍ മേയ് 12ന്

 ജില്ലാ സ്‌റ്റേഡിയത്തില്‍ മേയ് 12ന് രാവിലെ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ 11ന് പോലീസ് വകുപ്പിന്റെ സെമിനാര്‍-ഞാന്‍ തന്നെയാണ് പരിഹാരം: സാമൂഹികപ്രതിബദ്ധതയും സുസ്ഥിര ഉപഭോഗവും. ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസിന്റെ സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ വഞ്ചിപ്പാട്ട്. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായിക മഞ്ജരിയുടെ ഗാനമേള.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ