വൃന്ദാവനത്ത് പലചരക്ക്-സ്റ്റേഷനറി കടയുടെ താഴറത്ത് അകത്തുകടന്ന് ലക്ഷം രൂപ മോഷ്ടിച്ചു. വൃന്ദാവനം പടിഞ്ഞാറേതാഴത്തേതിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള നീരജ സ്റ്റോഴ്‌സിലാണ് മോഷണം നടന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എല്ലാദിവസവും പണം ബാബുരാജ് വീട്ടിൽ കൊണ്ടുപോവുകയായിരുന്നു പതിവ്. തിങ്കളാഴ്ച സാധനങ്ങളെടുക്കുന്നതിനായി 500 രൂപയുടെ 50,000 രൂപ വീതമുള്ള രണ്ട് കെട്ടുകൾ അലമാരയിൽ എണ്ണി മാറ്റിവെച്ചിരുന്നു. രാത്രി ഒമ്പതോടെ കടയടച്ച് പണവുമായി വീട്ടിലേക്ക് പോയപ്പോൾ ഈ രണ്ട് കെട്ടുകൾ എടുക്കാൻ മറന്നുപോയി. ആ പണമാണ് മോഷ്ടിച്ചത്. രണ്ട് താഴുകളും മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. താഴുകൾ മുറിക്കാനുപയോഗിച്ച ഹാക്‌സോ ബ്ലേഡ് കടയുടെ എതിർവശത്ത് റോഡരികിൽ ഉപേക്ഷിച്ചിരുന്നു.
പെരുമ്പെട്ടി പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചുവരുന്നു.