മല്ലപ്പള്ളി വൈദ്യുതി സബ് ഡിവിഷൻ മന്ദിരം ഉദ്‌ഘാടനം നാളെ

സംസ്ഥാന വൈദ്യുതിബോർഡിന്റെ മല്ലപ്പള്ളിയിലെ ഓഫീസുകൾക്കായി സബ്‌ സ്റ്റേഷൻ വളപ്പിൽ നിർമിച്ച കെട്ടിടം തിങ്കളാഴ്ച രാവിലെ 10.30-ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. സമീപമുള്ള ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. പള്ളി ഹാളിൽ ചേരുന്ന യോഗത്തിൽ മാത്യു ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും.

നിലവിൽ കോട്ടയം റോഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ഡിവിഷൻ, സെക്ഷൻ ഓഫീസുകളാണ് ചെറുകോൽപ്പുഴ റോഡരികിലെ സ്വന്തം സ്ഥലത്തേക്ക് മാറുക. മല്ലപ്പള്ളി 110 കെ.വി.സബ് സ്റ്റേഷന് സമീപം കെട്ടിടം നിർമിക്കാൻ 88,40,077 രൂപയാണ് അനുവദിച്ചിരുന്നത്. 11.50 സെന്റ് സ്ഥലത്ത് 238 ചതുരശ്രമീറ്റർ വിസ്താരമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്ഷനും മുകളിൽ സബ്ഡിവിഷനും പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.എൻ.പ്രസാദ്, എക്സിക്യൂട്ടീവ് എൻജിനീയർ നൈനാൻ സി.മാത്യു എന്നിവർ പറഞ്ഞു.

അസിസ്റ്റന്റ് എൻജിനീയറുടെ മുറിക്കുപുറമേ കാർ പോർച്ച്, റിസപ്ഷൻ, ക്യാഷ് കൗണ്ടർ, സ്റ്റോർ തുടങ്ങിയവയാണ് താഴെയുണ്ടാകുക. മുകളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സബ് എൻജിനീയർമാർ എന്നിവർക്കും റെക്കോഡ്, റസ്റ്റ്, റവന്യൂ, ബിൽ എന്നിവയ്ക്കും മുറികളുണ്ടാകും. വൈദ്യുതിചാർജ് അടയ്ക്കാനെത്തുന്നവർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യംകൂടി ഒരുക്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. 19,110 ഉപഭോക്താക്കളാണ് മല്ലപ്പള്ളി സബ് ഡിവിഷന്റെ പരിധിയിൽ ഉള്ളത്. 

മല്ലപ്പള്ളി-കോഴഞ്ചേരി റോഡിൽ തിരുമാലിട പള്ളിവേട്ടയാൽ കവലയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് ജി.എം.എം. ആശുപത്രിയെത്തുന്നതിന് മുൻപായാണ് പുതിയ ഓഫീസ്. 



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ