നെല്ലിക്കാലായിൽ ടി.കെ. റോഡരികിലെ യൂക്കോ ബാങ്ക് ശാഖയിൽ കവർച്ചാശ്രമം. കള്ളന്മാർ ബാങ്ക് മുറിയിൽ സോപ്പുപൊടി വിതറിയിരുന്നത് പോലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തിന് വിലങ്ങുതടിയായി. അതിനാൽ മണംപിടിച്ച ശേഷം നായയ്ക്ക് അന്വേഷണത്തിലേക്ക് സഹായിക്കുന്ന സൂചന നൽകാൻ കഴിഞ്ഞില്ല. വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തിയെങ്കിലും വിരലടയാളം കിട്ടിയതായും സൂചനയില്ല. പ്രൊഫഷണൽ മോഷ്ടാക്കളായതിനാൽ ഗ്ലൗസുകൾ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.
സംഘത്തിൽ എത്ര പേരുണ്ടെന്നതിന്റെ സൂചനയും ലഭിച്ചിട്ടില്ല. സമീപത്തുള്ള വീടുകളിൽനിന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച പകലും ബാങ്കിന്റെ പരിസരത്ത് സമീപത്തുള്ള വീട്ടുകാർ വന്നിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല ഇതാണ് ഞായറാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നതെന്ന വിലയിരുത്തലിന് അടിസ്ഥാനം.