പ്ലസ് വണ്‍ പ്രവേശനം ; സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്ന് മുതല്‍ അപേക്ഷിക്കാം. രാവിലെ 10 മുതല്‍ https://hscap.kerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കാം.

മുഖ്യ അലോട്മെന്റിനു ശേഷം സ്കൂളുകളില്‍ മെച്ചമുള്ള സീറ്റുകളുടെ വിവരം ഇതേ വെബ്സൈറ്റില്‍ രാവിലെ 9ന് പ്രസിദ്ധപ്പെടുത്തും. 

ഓരോ സ്കൂളുകളിലും വിവിധ കോമ്പിനേഷനുകളില്‍ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഇതില്‍നിന്ന് മനസിലാക്കാം. ഇതു പരിശോധിച്ചുവേണം ഓപ്ഷൻ നല്‍കാൻ. ബുധനാഴ്ച വരെ അപേക്ഷ സ്വീകരിക്കും. ആദ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവര്‍ പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് അപേക്ഷ പുതുക്കിയാല്‍ മതി. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് പുതിയ അപേക്ഷ നല്‍കാം.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും നേരത്തെ അലോട്ടമെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും (നോണ്‍-ജോയിനിങ്ങ് ആയവര്‍) മെറിറ്റ് ക്വാട്ടയില്‍ നിന്നും പ്രവേശനം ക്യാന്‍സല്‍ ചെയ്തവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല. 

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷ പുതുക്കുന്നതിനുള്ള സാകര്യം അനുവദിച്ചിട്ടുണ്ട്. പതിനാറാം തീയതിയോടെ പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂര്‍ത്തിയാക്കും. തുടര്‍ന്ന്, പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലയിലെ വിദ്യാര്‍ഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിക്കും. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. 3,16,772 വിദ്യാര്‍ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ