സമയ ക്രമങ്ങളോ നിയന്ത്രണങ്ങളോ പാലിക്കാതെ അമിത വേഗവും അമിത ലോഡും കയറ്റി തലങ്ങും വിലങ്ങും പായുന്ന ടിപ്പർ ലോറികളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. സ്കൂൾ സമയങ്ങളിൽ ഓടാൻ പാടില്ല എന്ന വിലക്ക് ലംഘിച്ച് ചീറി പായുകയാണ് കോറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളിലൂടെ. ഈ ടിപ്പറുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കുന്നില്ലത് അവർക്ക് വളമാവുന്നു.
യാതൊരു നിയന്ത്രണവും പാലിക്കാതെയും അനുവദനീയമായതിലും അധികം ലോഡ് കയറ്റിയും, കുട്ടികളുടെയും വഴിയാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന ടിപ്പറുകൾക്കെതിരേ കർശനമായ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പല ചെറു റോഡുകളും ലോറികൾ പോയി തകർന്നിരിക്കുകയാണ്. പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ പല ലോറി ഡ്രൈവർമാരും മറ്റ് ചെറു റോഡുകളെയാണ് ആശ്രയിക്കുന്നത്.
ക്രഷറുകളിൽ നിന്നും പാറ ഉൽപന്നങ്ങളുമായി വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യം രൂക്ഷമാണ്. ലോഡുമായി പോകുമ്പോൾ മുകൾ ഭാഗം മൂടണമെന്ന് നിർദേശമുണ്ട്. എന്നാൽ പലരും ഇത് പാലിക്കാറില്ല. പഴയ പ്ലാസ്റ്റിക് പടുതകളോ, കീറിയ ചാക്കുകളോ കൊണ്ട് പേരിനായി ലോഡ് മൂടുകയാണ് ചെയ്യുന്നത്. ഇത്തരം വാഹനങ്ങൾക്ക് പിന്നാലെ പോകുന്ന ഇരുചക്രവാഹന യാത്രികർക്ക് ഇത് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ടിപ്പർ ലോറികളെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.