കടപ്രയിലെ സിനിമാ തിയേറ്ററിൽ പാർക്കിങ് ഗ്രൗണ്ടിൽ മൂന്നുപേരെ വെട്ടിപ്പരിക്കൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റുചെയ്തു. കടപ്ര വളഞ്ഞവട്ടം കൂരാലിൽ വീട്ടിൽ നിഷാദ് (കൊച്ചുമോൻ-35) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവർക്കാണ് വെട്ടേറ്റത്. സിനിമ കാണുന്നതിനിടെയുണ്ടായ വാക്കേറ്റത്തെത്തുടർന്ന് പാർക്കിങ് ഗ്രൗണ്ടിൽ മൂന്നുപേരേയും, നിഷാദും പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ ശ്രുതീഷുംചേർന്ന് വെട്ടുകയായിരുന്നു. ഇതിനുശേഷം ഇരുവരും രക്ഷപ്പെട്ടു. ഒളിവിൽപോയ ശ്രുതീഷിനെ ചെങ്ങന്നൂരിലെ ലോഡ്‌ജിൽനിന്ന് അറസ്റ്റുചെയ്തിരുന്നു. ഇയാളെ ഒളിവിൽ താമസിപ്പിച്ച ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനെയും ഒപ്പം പിടികൂടി.