ആനിക്കാട് മണ്ണുലോറി തടഞ്ഞു; നാലുപേർ അറസ്റ്റിൽ

ആനിക്കാട് ഹനുമാൻകുന്നിന് സമീപം വൻതോതിൽ മണ്ണെടുക്കാനുള്ള നീക്കം തിങ്കളാഴ്ച നാട്ടുകാർ തടഞ്ഞു. ആനിക്കാട് പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് കല്ലുപുര, ദേവദാസ് മണ്ണൂരാൻ, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.കെ.സുകുമാരൻ, കെ.പി.സെൽവകുമാർ എന്നിവർ വിവിധ സമയങ്ങളിൽ മണ്ണുമായെത്തിയ വണ്ടികൾ തടഞ്ഞു. ഇവരെ കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അഞ്ചുലോഡ് മണ്ണാണ് കൊണ്ടുപോയത്.

തൊട്ടിപ്പടി-കൊച്ചുവടക്കേൽ റോഡിന് സമീപത്തുനിന്ന് 54,000 ടൺ മണ്ണ് ഖനനം ചെയ്യാൻ ജിയോളജി വകുപ്പാണ് അനുമതി നൽകിയത്. ദേശീയപാത വികസനത്തിനായാണ് ഇവിടെനിന്ന് മണ്ണ് കൊണ്ടുപോകുന്നതെന്ന് പറയുന്നു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ ഖനന പ്രദേശത്തിന് പോലീസ് സംരക്ഷണമേർപ്പെടുത്തി. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഖനന അനുമതി നൽകാൻ പഞ്ചായത്ത് അംഗീകാരം വേണമെന്നിരിക്കെ അതില്ലാതെയാണ് നടപടിയെന്ന് പ്രസിഡന്റ്‌ സൂസൻ ദാനിയൽ പറയുന്നു. ഇതിനെതിരേ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

തർക്കം പരിഹരിക്കാൻ താലൂക്ക് ഓഫീസിൽചേർന്ന യോഗം അലസിപ്പിരിഞ്ഞു. തീരദേശ ഹൈവേയുടെ നിർമാണത്തിനായി 54,510 ടൺ മണ്ണാണ് കൊണ്ടുപോകാൻ അനുമതിയുള്ളത്. പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവായിട്ടുള്ള വിവരം യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളെയും രാഷ്ട്രീയപാർട്ടി പ്രാദേശിക നേതാക്കളെയും തഹസിൽദാർ അറിയിച്ചു. എന്നാൽ ഒരു കാരണവശാലും ഖനനം അനുവദിക്കില്ലെന്ന് ഇവർ മറുപടി നൽകി. വണ്ടികൾ തടയുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. എടത്വ പാണ്ടങ്കരി അൽഫോൻസ് വില്ലയിൽ ആന്റോ അൽഫോൻസിനാണ് ജിയോളജി വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി 21,80,400 രൂപ സർക്കാരിന് അടച്ചിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ