പത്തനംതിട്ട ജില്ലയില്‍ ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാം.
ഈ സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ആരംഭിക്കാന്‍ റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി തുടങ്ങിയവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.പത്തനംതിട്ടയില്‍ ഇന്നും നാളെയും മഞ്ഞ അലര്‍ട്ടാണുള്ളത്.മിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വേനല്‍ മഴയോടൊപ്പമുള്ള മിന്നൽ അപകടകാരിയായതിനാല്‍ ജനം ജാഗ്രത പാലിക്കണം. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.