ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ചു വിൽക്കുന്ന വൻസംഘം കുമ്പനാട് പിടിയിൽ


മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് പാർട്സാക്കി വില്പന നടത്തുന്ന പത്തനംതിട്ട സ്വദേശികളായ അഖിൽ ജയൻ (22), മനു (19), നിരഞ്ജൻ (27), ജോൺസ് (30) എന്നിവരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കുന്ന ബൈക്കുകൾ പത്തനംതിട്ട കുമ്പനാട്ടുള്ള സംഘത്തിന്റെ വർക്ക്‌ഷോപ്പിലെത്തിച്ചാണ് പാർട്സ് ആക്കി വിറ്റിരുന്നത്. തിരുവല്ല, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. ആറന്മുള സ്വദേശിയായ അഖിലിന്റെ വീട്ടിൽനിന്ന്‌ ബൈക്ക് കണ്ടെടുത്തു. എറണാകുളം എ.സി.പി പി. രാജ്കുമാറിന്റെ പ്രത്യേക സ്‌ക്വാഡും സൗത്ത് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളം ടൗൺ സൗത്ത് എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വർക്ക് ഷോപ്പിൽ എത്തിയപ്പോഴാണ് നാട്ടുകാർ പോലും ഇവിടെ നടക്കുന്നത് അറിഞ്ഞത്. രണ്ടരമാസം മുമ്പാണ് കുമ്പനാട് പെട്രോൾ പമ്പിന് സമീപം കല്ലുമാലി ഇറക്കത്തിനോട് ചേർന്ന് യുവാക്കൾ രണ്ടുനില കെട്ടിടം വാടകയ്ക്ക് എടുത്തത്. ഇരുചക്രവാഹനങ്ങളുടെ വർക്ക്ഷോപ്പും കാറുകളുടെ മോഡിഫിക്കേഷൻ നടത്താനും വേണ്ടിയാണെന്നാണ് കെട്ടിട ഉടമയോടും നാട്ടുകാരോടും പറഞ്ഞത്.

താഴെയും മുകളിലുമായി രണ്ട് വലിയ ഹാളുകളും രണ്ട് മുറികളുമുള്ള കെട്ടിടം 60,000 രൂപ മാസ വാടകയ്ക്കാണ് എടുത്തിരുന്നത്. പത്തനംതിട്ട, കുന്നന്താനം ഭാഗങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു വർക്ക്ഷോപ്പ് നടത്തിയിരുന്നത്. ന്യൂജൻ വണ്ടികളായിരുന്നു ഇവിടെ കൂടുതലും എത്തിയിരുന്നത് എന്നും ഇവിടെ കാറുകളുടെയും ജീപ്പുകളുടെയും രൂപമാറ്റവും വരുത്തിയിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.

വർക്ക്ഷോപ്പിൽ പകൽ സമയങ്ങളിൽ രണ്ട് മെക്കാനിക്കുകളേ ഉണ്ടായിരുന്നുള്ളൂ. കാറുകളുടെ അത്യാവശ്യപ്പണികൾ മാത്രമാണ് പകൽ നടന്നിരുന്നത്. കാറുകളിലും ബൈക്കുകളിലും സ്റ്റിക്കർ പതിക്കുന്ന ജോലിയും ഇവർ ചെയ്തിരുന്നു. വൈകീട്ട്  ഇവരുടെ കൂട്ടുകാരായ മറ്റ് 15 ചെറുപ്പക്കാർ ഇവിടെ സ്ഥിരമായി വന്നുപോയിരുന്നത്. സ്ത്രീകൾ രാത്രിയിൽ വർക്ക്ഷോപ്പിൽ വന്നുപോയിരുന്നതായി പറയപ്പെടുന്നു. രാത്രിയിലാണ് ഇവർ മോഷ്ടിച്ചുകൊണ്ടുവരുന്ന വണ്ടികൾ പൊളിക്കുന്നതെന്ന് പോലീസ് പറയുന്നു.

മോഷ്ടിച്ച വണ്ടി പൊളിച്ച് പാർട്സാക്കി ഒ.എൽ.എക്സിലൂടെയും മറ്റും വില്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. വർക്ക്‌ഷോപ്പിന് പേരോ ബോർഡോ ഒന്നും ഉണ്ടായിരുന്നില്ല. തിരുവല്ല, എറണാകുളം ടൗൺ സൗത്ത്, ടൗൺ നോർത്ത്, കടവന്ത്ര, പാലാരിവട്ടം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച അഞ്ച് ബൈക്കുകളാണ് ഇവിടെനിന്ന്‌ പോലീസ് കണ്ടെടുത്തത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ