തുരുത്തിക്കാട് ബിഎഎം കോളജ് ഹരിത ക്യാമ്പസായി പ്രഖ്യാപിക്കുന്നു. കേരള ഗവണ്മെന്റിന്റെ നവകേരളം ജനകീയ ക്യാമ്പെയ്നിന്റെ ഭാഗമായി മാലിന്യ സംസ്കരണം, ജൈവവൈവിധ്യം, കൃഷി, ഊർജസംരക്ഷണം, ജലസുരക്ഷ, ഹരിത പെരുമാറ്റം, മറ്റു പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയ ഹരിത കേരള മിഷന്റെ എ പ്ളസ് ഗ്രേഡ് മികവോടെയാണ് കോളേജ് ഈ അംഗീകാരം നേടുന്നത്.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും ചേർന്ന് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 11:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന സമ്മേളനത്തിൽ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടക്കുന്നതാണ്. കോളജ് പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും, ഹരിത ക്യാമ്പസ് പ്രഖ്യാപനവും കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിക്കും. ഹരിത കേരള മിഷൻ പത്തനംതിട്ട ജില്ല കോ ഓർഡിനേറ്റർ ജി അനിൽ കുമാർ സർട്ടിഫിക്കറ്റ് കൈമാറും.
മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കൾ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സന്നിഹിതരായിരിക്കും.