പത്തനംതിട്ടയിൽ സ്വകാര്യ സ്ഥാപനത്തിൽ 14 ലക്ഷത്തോളം രൂപ തിരുമറി നടത്തിയ ജീവനക്കാരനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മാമ്പാറ പുത്തൻപറമ്പിൽ മിനു പി വിശ്വനാഥൻ നടത്തുന്ന അടൂർ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇ ബി ഓ എന്ന സ്ഥാപനത്തിലെ സ്റ്റോർ മാനേജരായി ജോലി ചെയ്തിരുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയിൽ ജിൻസ് പ്രകാശ് (40) ആണ് പിടിയിലായത്.
2022 ഒക്ടോബർ മുതൽ സ്റ്റോക്കിൽ തിരിമറി നടത്തി 7,45,113 രൂപയും, സ്ഥാപനയുടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലെ ക്യൂ ആർ കോഡ് സ്ഥാപിച്ചശേഷം, കച്ചവടത്തിൽ നിന്ന് ലഭിച്ച 6,51,130 രൂപയും ഉൾപ്പെടെ ആകെ 13, 96,243 യാണ് ജീവനക്കാരൻ തിരിമറി നടത്തി തട്ടിയെടുത്തത്.
ഈ വർഷം ആഗസ്റ്റ് 14 നാണ് സ്ഥാപന ഉടമ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ സ്റ്റോക്ക് വിവരങ്ങളും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റുംവിശദമായി പരിശോധിച്ചു. അന്വേഷണത്തിൽ, ഉടമയോ മറ്റോ അറിയാതെ, പ്രതി മാറ്റിസ്ഥാപിച്ച ക്യൂ ആർ കോഡിലൂടെ വ്യാപാര ഇടപാടുകൾ നടത്തി, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആറര ലക്ഷത്തിലധികം രൂപയും, സ്റ്റോക്കിൽ തിരിമറി നടത്തി തുണിത്തരങ്ങൾ വിറ്റഴിച്ച് 7, 45,113 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തേതുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ, പ്രതിയെ മൂവാറ്റുപുഴയിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി. ഇയാൾ മൂവാറ്റുപുഴയിലെ ഒരു ബാറിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ബാറിനോട് ചേർന്നുള്ള താമസസ്ഥലത്തു നിന്നും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റസമ്മതം നടത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളി നേതൃത്വം നൽകി. അന്വേഷണസംഘത്തിൽ എസ് ഐമാരായ ബാലസുബ്രഹ്മണ്യൻ, രഘുനാഥൻ, സുരേഷ് കുമാർ എസ് സി പി ഓ ശ്യാം എന്നിവരാണ് ഉണ്ടായിരുന്നത്.