കറുകച്ചാലിൽ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കറുകച്ചാൽ വെട്ടിവെട്ടിക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി നീതു ആർ.നായരാണ് മരിച്ചത്.
ഇന്ന് രാവിലെ 8.45 നായിരുന്നു കേസിനാസ്പദമായ സംഭവം. കൂത്രപ്പള്ളി സ്വദേശിനിയായ നീതുവും അൻഷാദും തമ്മിലുള്ള ബന്ധത്തെ തുടർന്ന് ഇവരുടെ ആദ്യ ഭർത്താവ് ഡൈവോഴ്‌സിന് കേസ് നൽകിയിരുന്നു. ഈ കേസ് കോടതിയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ നീതുവുമായുള്ള ബന്ധത്തെ തുടർന്ന് അൻഷാദിന്റെ ഭാര്യയും ഡൈവോഴ്‌സ് കേസ് ഫയൽ ചെയ്തിരുന്നു. അൻഷാദ് കറുകച്ചാലിൽ വാടകയ്ക്ക് എടുത്തു നൽകിയിരുന്ന വീട്ടിലാണ് നീതു താമസിച്ചിരുന്നത്.
ഇതിനിടെ സാമ്പത്തിക തർക്കതെ തുടർന്ന് നീതു അൻഷാദിൽ നിന്നും അകന്നു. ഇതിനിടെ അൻഷാദ് മറ്റൊരു സ്ത്രീയുമായി അടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന്, അൻഷാദ് നീതുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
നീതു ജോലിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ സുഹൃത്തിനെയും കൂട്ടി റെന്റ് എ കാറുമായി എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അൻഷാദ് കസ്റ്റഡിയിൽ ആയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മാത്രമേ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരികയുള്ളു.