വിവാഹദിനത്തിൽ ഫോട്ടോഷൂട്ടിനായി കാറിൽ സഞ്ചരിച്ച നവധുവിനെയും വരനെയും, ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ച് തടഞ്ഞ് ആക്രമിച്ച സഹോദരങ്ങളായ മൂന്ന് പേരുൾപ്പെടെ 4 പ്രതികളെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയിൽ വീട്ടിൽ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖിൽജിത്ത് അജി (25), അമൽ ജിത്ത് അജി (22), പുറമറ്റം വലിയപറമ്പിൽ വീട്ടിൽ മയൂഖ്നാഥ് (20) എന്നിവരാണ് പിടിയിലായത്.
കോട്ടയം കുറിച്ചി സ്വദേശിനി 29 കാരിയും നവവരൻ മുകേഷ് മോഹനുമാണ്(31) പ്രതികളിൽ നിന്നും മർദ്ദനമേറ്റത്. ഇവരുടെ വിവാഹദിവസമായ 17 ന് വൈകിട്ട് നാലിന് നവവരന്റെ വീട്ടിൽ വന്ന വാഹനങ്ങൾ, പിന്നിൽ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം.
വധൂവരന്മാർ യാത്രചെയ്ത കാറിൽ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. കാറിന്റെ മുന്നിൽ കയറി തടഞ്ഞുനിർത്തിയ ശേഷം, ഒന്നാം പ്രതി അഭിജിത്ത് ഇടതുവശത്ത് എത്തി, സൈഡ് തരില്ലെടാ എന്ന് ആക്രോശിച്ച് മുകേഷ് മോഹനെയും വീട്ടുകാരെയും അസഭ്യം പറയുകയും, ഗ്ലാസ് താഴ്ത്തിച്ച ശേഷം മുകേഷിൻ്റെ കോളറിന് കുത്തിപ്പിടിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. യുവതി ഭർത്താവിനെ പിടിച്ച് അടുത്തേക്ക് മാറ്റിയപ്പോൾ ഇയാൾ യുവതിയുടെ ഇടതു കൈ പിടിച്ച് തിരിച്ചു. അഭിജിത്ത് വിളിച്ചുവരുത്തിയ മറ്റ് പ്രതികൾ കാറിൻ്റെ പിന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും, ഡോറുകൾ ഇടിച്ചു കേടുപാട് ഉണ്ടാക്കുകയും ചെയ്തു. പൊട്ടിയ ഗ്ലാസിൻ്റെ ചില്ലുകൾ യുവതിയുടെ ദേഹത്ത് വീണു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ് ഐ കെ രാജേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുകേഷിൻ്റെ സുഹൃത്തുക്കളും പ്രതികളും തമ്മിൽ ഒരു വർഷം മുമ്പ് അഭിജിത്തിൻ്റെ കല്യാണ ദിവസം അടിപിടി ഉണ്ടായിട്ടുണ്ട് . ഇതിന്റെ മുൻവിരോധം ഇരുകൂട്ടർക്കുമിടയിൽ നിലനിൽക്കുന്നുമുണ്ട്.
അഖിൽ ജിത്തും അമൽ ജിത്തും കഴിഞ്ഞവർഷം കീഴ്‌വായ്‌പ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത ദേഹോപദ്രവക്കേസിൽ പ്രതികളായിട്ടുഉള്ളവരാണ്. നെടുമ്പാറ സ്വദേശിയെ കമ്പികൊണ്ടും കമ്പുപയോഗിച്ചും ആക്രമിച്ച സംഘത്തിൽ ഇവരും ഉൾപ്പെട്ടിരുന്നു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.