മല്ലപ്പള്ളി, കല്ലൂപ്പാറ, ആനിക്കാട് പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം വർധിച്ചു. കല്ലൂപ്പാറ ഐക്കരപ്പടി മേഖലയിൽ കഴിഞ്ഞ ദിവസം മാത്രം പത്തിലധികം കർഷകരുടെ കൃഷിനശിപ്പിച്ചു. ഭക്ഷ്യവിളകളും നാണ്യവിളകളും മറ്റു മരങ്ങളുമെല്ലാം ഇല്ലാതാക്കി. ഐക്കരപ്പടിക്കു സമീപം മണ്ണഞ്ചേരിയിൽ സാബു വർഗീസ്, മുണ്ടോക്കുളത്ത് ഏബ്രഹാം തോമസ് എന്നിവരുടെ ചേമ്പ്, കപ്പ, ചേന തുടങ്ങിയ വിളകളാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.
ആനിക്കാട് പഞ്ചായത്തിലെ നല്ലൂർപ്പടവിലും കാട്ടുപന്നിശല്യം വർധിച്ചു. മരച്ചീനി, വാഴ, ചേമ്പ്, ചേന തുടങ്ങിയവ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതു കർഷകരെ വലയ്ക്കുന്നു. കഴിഞ്ഞദിവസം നല്ലൂർപ്പടവ് വാരാക്കുന്നേൽ തോമസ് ആന്റണിയുടെ കൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ചേമ്പ്, ചേന, മുന്തിയ ഇനം കൂവ എന്നിവ നശിപ്പിച്ചു.
മല്ലപ്പള്ളി പഞ്ചായത്തിലെ മുരണിയിലും കാട്ടുപന്നിശല്യം വർധിച്ചു. മരച്ചീനി, വാഴ, ചേമ്പ്, ചേന തുടങ്ങിയവ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു.
മലയോര പ്രദേശങ്ങൾക്ക് പുറമേ ജനവാസ കേന്ദ്രങ്ങളിൽവരെ പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുമ്പോൾ ഭീതിയിലാണ് കർഷകർ. കാട് നിറഞ്ഞ കൃഷിയിടങ്ങളിൽ പകൽ സമയം തമ്പടിക്കുന്ന കാട്ടുപന്നികളാണ് സന്ധ്യയാകുന്നതോടെ കൃഷിയിടങ്ങൾ കയ്യടക്കുന്നത്. കർഷകരുടെ രാപ്പകലില്ലാത്ത അധ്വാനത്തെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ് കാട്ടുപന്നി കൂട്ടങ്ങൾ. തെങ്ങ്, വാഴ, കപ്പ, ജാതി തുടങ്ങി എല്ലാ വിളകളും നശിപ്പിക്കപ്പെടുന്നതോടെ ഈ പ്രദേശത്തെ കർഷകർ നിസ്സഹായരായി കൃഷി വിടേണ്ട അവസ്ഥയിലാണ്.