സൈബർതട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടിൽ ആര്യ ആനി സ്കറിയ (23), റാന്നി ഐത്തല പുത്തൻപുരയ്ക്കൽ വീട്ടിൽ സരിൻ പി. സാബു (27) എന്നിവരാണ് പിടിയിലായത്. ഡിജിറ്റൽ തട്ടിപ്പിൽ ഉൾപ്പെട്ടവരെ പിടിക്കാൻ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടായ മ്യൂൾ അക്കൗണ്ട് വഴിയാണ് ഇരുവരും പണം തട്ടിയെടുത്തിരുന്നതെന്നും പോലീസ് കണ്ടെത്തി.
ആര്യ തടിയൂർ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ തന്റെ അക്കൗണ്ട് ഉപയോഗിച്ച് സൈബർതട്ടിപ്പു കുറ്റകൃത്യങ്ങളിലെ കണ്ണിയായി പ്രവർത്തിക്കുകയായിരുന്നു. പലരുടെ അക്കൗണ്ടിൽനിന്ന് പണം സ്വരൂപിച്ച് മറ്റ് പ്രതികൾക്ക് അയച്ച് കൊടുക്കുകയും അതിന് കമ്മീഷൻതുക കൈപ്പറ്റുകയുമാണ് ചെയ്തിരുന്നതെന്ന് കോയിപ്രം പോലീസ് സബ്ബ് ഇൻസ്പെക്ടർ ആർ.രാജീവ് പറഞ്ഞു. എസ് ഐ വിഷ്ണുരാജ്, എസ് സി പി ഒ ഷബാന, സിപിഒമാരായ അനന്തു, അരവിന്ദ് എന്നിവരടങ്ങിയ സംഘമാണ് ആര്യയെ പിടികൂടിയത്.
തന്റെ പേരിൽ റാന്നി ഇൻഡ്യൻഓവർസീസ് ബാങ്ക്ശാഖയിലുള്ള അക്കൗണ്ട് ഉപയോഗിച്ചാണ് സരിൻ തട്ടിപ്പ് നടത്തിയിരുന്നത്. സാമ്പത്തിക കുറ്റവാളി സംഘത്തിൽ അംഗമായ ഇയാൾ പലരുടെ അക്കൗണ്ടിൽ നിന്നും പണം സ്വരൂപിച്ച് സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കും.പിന്നീട് ക്യാഷ് വിത്ത്ഡ്രോവൽ സ്ലിപ്പ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതായിരുന്നു രീതി. 85,000 രൂപയോളം ഇത്തരത്തിൽ പിൻവലിച്ചിട്ടുണ്ടെന്ന് റാന്നി പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ആർ.മനോജ് കുമാർ പറഞ്ഞു.

