മല്ലപ്പള്ളി - പുല്ലുകുത്തി റോഡ് അനിശ്ചിതകാലത്തേക്ക് വീണ്ടും അടച്ചു. ബസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ ഓടുന്നത് വെള്ളിയാഴ്ച മുതൽ പൂർണമായി നിരോധിച്ചു.
മണിമലയാറിന്റെ തീരത്തെ തൊട്ടിപ്പടിയിൽ ആറ് മീറ്ററിലധികം താഴ്ചയിൽനിന്ന് സംരക്ഷണഭിത്തി നിർമിക്കുമ്പോൾ മുകളിൽനിന്ന് കല്ല് ഇടിഞ്ഞുവീണതാണ് കാരണം. ശബ്‍ദംകേട്ട് തൊഴിലാളികൾ ഓടിമാറിയതിനാൽ അപകടം ഒഴിവായതായി സമീപവാസികൾ പറഞ്ഞു. റോഡിൽ വലിയ വാഹനങ്ങൾ പോകുന്നതാണ് ഇതിനിടയാക്കിയതെന്ന് കരുതുന്നു.
കഴിഞ്ഞ വർഷമാണ് റോഡിന്റെ വശങ്ങൾ ആദ്യം ഇടിഞ്ഞത്. തുടർന്ന് കലുങ്കിനോട് ചേർന്ന് ടാർ ഉപരിതലം കുഴിഞ്ഞ് ഗർത്തമായി മാറിയിരുന്നു. ഇത് നന്നാക്കാൻ പിഡബ്ല്യുഡി മെയിന്റനൻസ് വിഭാഗം എത്തി യന്ത്രസഹായത്താൽ കുഴിച്ചപ്പോഴാണ് അറ്റകുറ്റപ്പണികൊണ്ട് കാര്യമില്ലെന്ന് മനസ്സിലായത്. റോഡിനടിയിലെ മണ്ണ് കലുങ്കിന്റെ വശത്തെ കരിങ്കൽ കെട്ടിനിടയിലൂടെ ചോർന്ന് പോയിരിക്കുകയാണ്. കെട്ടിനും ബലക്ഷയമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് പിഡബ്ല്യുഡി നിരത്ത് വിഭാഗം മല്ലപ്പള്ളി സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെത്തി 25 ലക്ഷം രൂപ ചെലവിൽ പുതിയ കലുങ്കുപണി തുടങ്ങി.
മാസങ്ങളോളം ഗതാഗതം മുടങ്ങി. ഒടുവിൽ കലുങ്ക് പൂർത്തിയായി വഴി ഗതാഗതത്തിന് തുറന്നുകൊടുത്ത് സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചപ്പോഴാണ് വീണ്ടും ഇടിഞ്ഞത്.

