മല്ലപ്പള്ളിയിൽ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഇ-ചെലാൻ കേസുകൾ തീർപ്പാക്കുന്നതിനായി ഇന്ന് പ്രത്യേക പരിഹാര സദസ്സ് സംഘടിപ്പിക്കുന്നു. മിനി സിവിൽ സ്റ്റേഷനിലെ ആർ.ഡി.ഒ ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് അദാലത്ത് നടക്കുന്നത്.
2024 ഡിസംബർ 31 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ അവസരത്തിലൂടെ പിഴയടയ്ക്കാം. ഈ മാസം 30-നകം കുടിശ്ശിക തീർപ്പാക്കുന്നവർക്ക് ആകെ പിഴത്തുകയിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നതാണ് പ്രത്യേകത. ആനുകൂല്യം ലഭിക്കുന്നതിനായി വാഹന ഉടമകൾ services.mvd.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പിഴകൾ വലിയ തുകയായി കെട്ടിക്കിടക്കുന്നവർക്ക് നിയമനടപടികൾ ഒഴിവാക്കാനും പകുതി തുകയിൽ കേസുകൾ അവസാനിപ്പിക്കാനും ഈ പരിഹാര സദസ്സ് പ്രയോജനപ്പെടുത്താവുന്നതാണ്.

